പാനൂർ(കണ്ണൂർ): ജീവിതം പിടിച്ചു നിർത്താൻ ലോട്ടറിക്കച്ചവടം നടത്തുന്ന വയോധികൻ്റെ കണ്ണുനീർ തുടച്ച പാനൂർ ഫയർഫോഴ്സിന് അഭിനന്ദന പ്രവാഹം. വിൽപനയ്ക്കായി വാങ്ങിയ ലോട്ടറിക്കെട്ട് ഓട മാലിന്യത്തിൽ വീണതിൻ്റെ സങ്കടത്തിൽ വയോധികൻ വാവിട്ടു നിലവിളിച്ചു. നഷ്ടമോർത്ത് വിറച്ചുനിന്ന വൃദ്ധന് മുന്നിലേക്ക് ഫയർഫോഴ്സ് എത്തി . ലോട്ടറി വീണ്ടെടുത്ത് നൽകി. പക്ഷെ ആര് വാങ്ങും? ഒട്ടും ആലോചിക്കാതെ ഫയർ ഫോഴ്സ് തന്നെ ആ നനഞ്ഞ് ചെളിപുരണ്ട ടിക്കറ്റുകൾ മുഴവൻ വാങ്ങി. ജീവനക്കാരും ചുറ്റുംകൂടിയവരും എല്ലാം ആലോട്ടറികൾ മുഴുവൻ വാങ്ങി.. പാനൂരിലാണ് മനുഷ്യത്വത്തിൻ്റെ ഏറ്റവും ഉദാത്തമായ ഈ മാതൃക പിറന്നത്..
പാനൂർ ടൗണിലും പരിസരത്തും നടന്ന് ലോട്ടറി വിറ്റാണ് മൊകേരി സ്വദേശി അശോകൻ (70) ജീവിതം പിടിച്ചു നിർത്തുന്നത്. കൈകൾക്ക് വിറയലുണ്ട്. ഇന്നലെ രാവിലെ പാനൂർ - കൂത്തുപറമ്പ് റോഡിൽ വച്ച് ലോട്ടറിക്കെട്ട് ഓടയിൽ വീഴുകയായിരുന്നു. കാരുണ്യ ലോട്ടറിയുടെ അൻപതിന്റെ കെട്ടാണ് ചെളിയിൽ വീണത്. ടിക്കറ്റൊന്നിന് 40 രൂപ വിലയാണ്.
അത്രയും തുക തന്നെ സമ്പാദിക്കാൻ കഴിയാത്ത വയോധികൻ എല്ലാം തകർന്ന് നിലവിളിച്ചു. നിലവിളി കേട്ട് ആൾക്കാർ ഒത്തുകൂടി. ഇതിനിടെ സ്ലാബിനടിയിലേക്ക് ലോട്ടറി ഒഴുകിപ്പോയിരുന്നു. സ്ലാബ് ഉയർത്താൻ ചിലർ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത കടയിലെ ജീവനക്കാരൻ ഷഫീർ ഫയർ ഫോഴ്സസിനെ വിളിച്ചു. നിസാര കാര്യമെന്നു കരുതാതെ, അവർ പാഞ്ഞെത്തി. ഹൈഡ്രോളിക് ടൂൾ ഉപയോഗിച്ച് സ്ലാബ് ഉയർത്തി ലോട്ടറി വീണ്ടെടുത്തു. ഈ ടിക്കറ്റുകൾ ഇനി ആരെടുക്കുമെന്ന അശോകന്റെ ദൈന്യത കണ്ടാണ് സുമനസ്സുകൾ വാങ്ങിയത്.
പാനൂർ ഫയർ സ്റ്റേഷനിലെ അനിൽകുമാർ, ദിവുകുമാർ, രഞ്ജിത്ത്, സുഭാഷ്, പ്രലേഷ്, അജീഷ്, രത്നാകരൻ എന്നിവരാണ് വയോധികൻ്റെ രക്ഷക്കെത്തിയത്. കൊടുക്കാം അവർക്ക് നന്ദിയുടെ ഒരു കൂപ്പുകൈ....
Humanity is like winning the lottery. Thanks Panur Fire Force...